ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ സ്ത്രീസുരക്ഷയ്ക്ക് സുപ്രധാന ഒരു സ്ഥാനമുണ്ട്. എന്നാൽ, സ്ത്രീ സുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം തടയുന്നതും അത്രതന്നെ ആവശ്യമാണ്. “വിവാഹവാഗ്ദാനം നൽകി ലൈംഗിക ബന്ധം സ്ഥാപിച്ചതിനെ തുടർന്ന് ബലാത്സംഗ കുറ്റം ചുമത്താമോ?” എന്ന ചോദ്യം സുപ്രീംകോടതി പലവിധികളിലൂടെയും പരിശോധിച്ചിട്ടുണ്ട്.
2025-ൽ സുപ്രീംകോടതി നൽകിയ ഒരു നിർണായക വിധി, പ്രത്യേകിച്ച് വിവാഹിതയായ സ്ത്രീയുടെ കേസുമായി ബന്ധപ്പെട്ട്, ഈ വിഷയത്തിൽ പുതിയ നിയമവ്യാഖ്യാനം നൽകി. ജസ്റ്റിസ് ബി.വി. നഗരത്ത്ന ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ- ബഞ്ചിന്റേതായിരുന്നു വിധി. കേസിന്റെ സാഹചര്യം (Facts of the Case) ഇതായിരുന്നു.
പരാതിക്കാരി വിവാഹിതയായ സ്ത്രീയായിരുന്നു.
അവൾ ആരോപിച്ചത്:
• ഒരു യുവാവ് വിവാഹ വാഗ്ദാനം നൽകി തനിക്കൊപ്പം ലൈംഗിക ബന്ധം സ്ഥാപിച്ചു.വിവാഹമോചനം നേടിയ ശേഷം വിവാഹം കഴിക്കാമെന്ന് പ്രതി ഉറപ്പുനൽകി. 2022 ജൂൺ മുതൽ 2023 ജൂലൈ വരെഇരുവരും തമ്മിൽ ബന്ധം നിലനിന്നു.പരാതിക്കാരി 2022 ഡിസംബർ 29നു വിവാഹമോചനം നേടി. പിന്നീട് പ്രതി വിവാഹം കഴിക്കാൻ തയ്യാറായില്ല. ഇതിനുശേഷം പ്രതിക്കെതിരെ ബലാത്സംഗ കുറ്റം (IPC സെക്ഷൻ 375/376) ചുമത്തി പരാതി നൽകി.
സുപ്രീംകോടതിയുടെ മുന്നിൽ വന്ന പ്രധാന നിയമപ്രശ്നം ആയിരുന്നു..
👉 വിവാഹിതയായ സ്ത്രീക്ക് വിവാഹവാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ ബലാത്സംഗ കുറ്റം ആരോപിക്കാമോ?
സുപ്രിം കോടതി നിരീക്ഷണവും വിധിയും
✅ വിവാഹിതയായ സ്ത്രീയ്ക്ക് നൽകിയ വിവാഹവാഗ്ദാനം നിയമപരമായി അസാധ്യമാണ്.
✅ അതിനാൽ, അത്തരമൊരു വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിൽ നൽകിയ സമ്മതം (consent) “തെറ്റിദ്ധാരണയിൽ നിന്നുള്ള സമ്മതം” (misconception of fact) ആയി കണക്കാക്കാൻ കഴിയില്ല.
✅ അതിനാൽ, ഇത്തരം സാഹചര്യങ്ങളിൽ ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാൻ സാധ്യമല്ല.
കോടതി ഒന്ന് കൂടി വ്യക്തമാക്കി:
“എല്ലാ വിവാഹവാഗ്ദാന ലംഘനങ്ങളും ബലാത്സംഗമായി പരിഗണിക്കാൻ കഴിയില്ല.”
നിയമപരമായ വിശകലനം (Legal Analysis) നോക്കാം
1️⃣ IPC സെക്ഷൻ 375 & 90 – സമ്മതത്തിന്റെ നിയമപരമായ അർത്ഥം
IPC സെക്ഷൻ 375 പ്രകാരം, സ്ത്രീയുടെ സമ്മതം ഇല്ലാത്ത ലൈംഗികബന്ധമാണ് ബലാത്സംഗം.
IPC സെക്ഷൻ 90 പ്രകാരം, തെറ്റിദ്ധാരണയിൽ നിന്നുള്ള സമ്മതം നിയമപരമായി അസാധുവാണ്.
എന്നാൽ, സുപ്രീംകോടതി വ്യക്തമാക്കിയത്:
• വിവാഹിതയായ സ്ത്രീക്ക് നൽകിയ വിവാഹവാഗ്ദാനം നിയമപരമായി സാധ്യമല്ല.
• അതിനാൽ, അത് “തെറ്റിദ്ധാരണ” ആയി കണക്കാക്കാൻ കഴിയില്ല.
2️⃣ സ്ത്രീസുരക്ഷയും നിയമ ദുരുപയോഗവും
ഈ വിധി സ്ത്രീസുരക്ഷയെ ദുർബലപ്പെടുത്തുന്നില്ല. പക്ഷേ ഒന്നോർക്കുക വ്യക്തിപരമായ ബന്ധവിവാദങ്ങളെ ക്രിമിനൽ കേസുകളാക്കി മാറ്റുന്നത് തടയുകയാണ് ലക്ഷ്യം.
• യഥാർത്ഥ ബലാത്സംഗ കേസുകളും വ്യാജ പരാതികളും തമ്മിൽ വ്യത്യാസപ്പെടുത്തണം.
3️⃣ സുപ്രീംകോടതിയുടെ പ്രധാന സന്ദേശം
കോടതി പറഞ്ഞു:
• ക്രിമിനൽ നിയമം പ്രതികാരത്തിനുള്ള ആയുധമാകരുത്.
• സ്ത്രീയുടെ മാനവും നിയമത്തിന്റെ ഗൗരവവും സംരക്ഷിക്കപ്പെടണം.
• എന്നാൽ, നിയമത്തിന്റെ ദുരുപയോഗം തടയേണ്ടതുണ്ട്.
ഈ സുപ്രീംകോടതി വിധി:
✔️ “വിവാഹവാഗ്ദാനം” എന്ന ആശയം ക്രിമിനൽ നിയമത്തിൽ വ്യക്തമായി നിർവചിക്കുന്നു.
✔️ consensual relationship-നും rape-നും ഇടയിലെ വ്യത്യാസം വ്യക്തമാക്കുന്നു.
✔️ താഴ്ന്ന കോടതികൾക്ക് മാർഗ്ഗനിർദ്ദേശം നൽകുന്നു.
✔️ സ്ത്രീസുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം തടയാനുള്ള നിയമപരമായ അടിത്തറ ഒരുക്കുന്നു.
ഈ വിധി ഇന്ത്യൻ ക്രിമിനൽ നിയമത്തിലെ ഒരു നിർണായക വഴിത്തിരിവാണ്.
സ്ത്രീസുരക്ഷയുടെ പേരിൽ നിയമത്തെ ദുരുപയോഗം ചെയ്യാനുള്ള പ്രവണത തടയുകയും,
അതേസമയം യഥാർത്ഥ ബലാത്സംഗ കേസുകൾക്ക് നീതി ഉറപ്പാക്കുകയും ചെയ്യുന്ന
സമതുലിതമായ സമീപനമാണ് സുപ്രീംകോടതി സ്വീകരിച്ചത്.
നിയമം സ്ത്രീയുടെ സംരക്ഷണത്തിനായിരിക്കണം; പ്രതികാരത്തിന്റെ ആയുധമാകരുത് –
ഇതാണ് ഈ വിധിയുടെ അന്തസ്സാർഥം.
സുപ്രിം കോടതിയുടെ വിധി സ്വാഗതർഹമാണ്. വിവാഹിതരായ പരാതിക്കാരെ അതിജീവിതകളാക്കുന്ന മാധ്യമകുറ്റവാളികളെ കൂടി പ്രതി ചേർക്കണം. ചാനൽ റേറ്റ് കൂട്ടാനുള്ള അവരുടെ കുതന്ത്രത്തിനു തടയിടണം.. സത്യത്തിന്റെ കാവലാൾ സത്യം മാത്രം പറയാത്ത അവസ്ഥയിലേക്ക് മാറി.
Adv Deepa Joseph
Author - Divine Grit the power of Woman's will.