കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമം: നിങ്ങൾ അറിഞ്ഞിരിക്കേണ്ട രോഗീസൗഹൃദ പരിഷ്കാരങ്ങൾ
കേരളത്തിലെ ആരോഗ്യമേഖലയിൽ സുതാര്യതയും ഗുണനിലവാരവും ഉറപ്പാക്കുന്നതിനായി സർക്കാർ നടപ്പിലാക്കിയ പ്രധാനപ്പെട്ട ഒന്നാണ് കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) ആക്ട്, 2018. സ്വകാര്യ-സർക്കാർ ആശുപത്രികൾ, ലാബുകൾ, ഡയഗ്നോസ്റ്റിക് സെന്ററുകൾ എന്നിവയിൽ നിന്ന് മികച്ച സേവനം ഉറപ്പാക്കാൻ ഈ നിയമം രോഗികൾക്ക് ചില അവകാശങ്ങൾ നൽകുന്നുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. നിർബന്ധിത രജിസ്ട്രേഷൻ
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന എല്ലാ ക്ലിനിക്കൽ സ്ഥാപനങ്ങളും (ആശുപത്രികൾ, ലാബുകൾ, ദന്താശുപത്രികൾ, ആയുഷ് കേന്ദ്രങ്ങൾ തുടങ്ങിയവ) ഈ നിയമപ്രകാരം രജിസ്റ്റർ ചെയ്തിരിക്കണം. രജിസ്ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.
2. അത്യാഹിത ചികിത്സ നിഷേധിക്കരുത്
അത്യാഹിതം സംഭവിച്ച് ആശുപത്രിയിലെത്തുന്ന ഒരു രോഗിക്ക് പ്രാഥമിക ചികിത്സ നൽകി ജീവൻ രക്ഷിക്കുക എന്നത് ആശുപത്രിയുടെ ഉത്തരവാദിത്തമാണ്. മുൻകൂർ പണമടച്ചില്ലെന്നോ രേഖകളില്ലെന്നോ ഉള്ള കാരണത്താൽ ചികിത്സ നിഷേധിക്കുന്നത് നിയമവിരുദ്ധമാണ്. കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റേണ്ടതുണ്ടെങ്കിൽ അതിനുള്ള സൗകര്യവും ആശുപത്രി ഒരുക്കി നൽകണം.
3. കൃത്യമായ ബില്ലും രേഖകളും
ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അറിയാൻ രോഗിക്ക് അവകാശമുണ്ട്:
ബില്ലുകൾ: കൺസൾട്ടേഷൻ, പരിശോധനകൾ, ചികിത്സ എന്നിവയുടെ നിരക്കുകൾ കൃത്യമായി രേഖപ്പെടുത്തിയ ഇനം തിരിച്ചുള്ള ബില്ലുകൾ നൽകണം.
രേഖകൾ: ഡിസ്ചാർജ് ചെയ്താൽ 72 മണിക്കൂറിനുള്ളിൽ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും നിർബന്ധമായും രോഗിക്ക് നൽകണം.
4. സേവന വിവരങ്ങൾ പരസ്യപ്പെടുത്തണം
എല്ലാ ആശുപത്രികളും അവരുടെ വെബ്സൈറ്റിലും സ്ഥാപനത്തിനകത്തും താഴെ പറയുന്ന വിവരങ്ങൾ പൊതുജനങ്ങൾക്ക് കാണാവുന്ന രീതിയിൽ പ്രദർശിപ്പിക്കണം:
- ലഭ്യമായ ചികിത്സാ സേവനങ്ങൾ.
- സേവനങ്ങളുടെയും പാക്കേജുകളുടെയും നിരക്കുകൾ (പ്രദർശിപ്പിച്ച നിരക്കിനേക്കാൾ കൂടുതൽ തുക ഈടാക്കാൻ പാടില്ല).
- ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ, കിടക്കകൾ എന്നിവയുടെ ലഭ്യത.
- രോഗിയുടെ അവകാശങ്ങൾ.
5. പരാതി പരിഹാര സംവിധാനം
- ആശുപത്രികളിൽ നിന്ന് മോശം അനുഭവം ഉണ്ടായാൽ പരാതിപ്പെടാൻ കൃത്യമായ സംവിധാനമുണ്ട്:
- ഓരോ ക്ലിനിക്കൽ സ്ഥാപനത്തിലും പരാതി പരിഹരിക്കാൻ പ്രത്യേക ഡെസ്ക് ഉണ്ടായിരിക്കണം.
- ലഭിക്കുന്ന പരാതികൾ 7 പ്രവൃത്തി ദിവസത്തിനുള്ളിൽ പരിഹരിക്കണം.
- ഗുരുതരമായ പരാതികൾ ജില്ലാ മെഡിക്കൽ ഓഫീസർക്ക് (DMO) കൈമാറണം.
- ഓൺലൈനായി പരാതി നൽകാൻ: https://portal.clinicalestablishments.kerala.gov.in
ശ്രദ്ധിക്കുക: കിടക്കകളോട് കൂടിയതോ അല്ലാത്തതോ ആയ രോഗനിർണ്ണയ കേന്ദ്രങ്ങൾ, ചികിത്സാ കേന്ദ്രങ്ങൾ എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും. എന്നാൽ കൺസൾട്ടേഷൻ സേവനം മാത്രം നൽകുന്ന ക്ലിനിക്കുകളെയും സായുധസേനയുടെ കീഴിലുള്ള ആരോഗ്യ സ്ഥാപനങ്ങളെയും ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി https://clinicalestablishments.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Adv.Fr.Robin Padinjarekuttu
Mob:9947933478
